കണിയാപുരം : പെട്രോൾ നിറയ്ക്കാൻ ക്യൂവിൽ നിൽക്കാൻ പറഞ്ഞതിന് കണിയാപുരത്ത് പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു. പെട്രോൾ പമ്പിലെ ജീവനക്കാരൻ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷ് (19)നാണ് വെട്ടേറ്റത്.കണിയാപുരത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ നിഫി ഫ്യൂവൽസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു സംഭവം.
പെട്രോൾ നിറയ്ക്കാൻ താമസിച്ചു എന്ന കാരണം പറഞ്ഞാണ് സംഘം അജീഷിനെ ആക്രമിച്ചത്.
ആക്രമണം നടക്കുമ്പോൾ നിരവധി വാഹനങ്ങൾ പെട്രോളടിക്കാനായി പമ്പിലുണ്ടായിരുന്നു. ക്യൂവിൽ നിൽക്കാൻ പമ്പ് ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്നാണ് ബൈക്കിൽ പിന്നിലിരുന്നയാൾ ചാടിയിറങ്ങി കൈയിൽ കരുതിയിരുന്ന മഴു കൊണ്ട് വെട്ടിയത്. മുഖത്തും കൈയ്യിലും വെട്ടേറ്റ അജീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മംഗലാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
