തിരുവനന്തപുരം: മൂന്നുവർഷം മുമ്പ് തിരുവനന്തപുരത്ത് നിന്ന് കാണാതായ ജർമ്മൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടി സിറ്റി പൊലീസ്. വിദേശവനിതയുടെ തിരോധാനം അന്വേഷിക്കുന്ന സിറ്റി നാർക്കോട്ടിക് സെൽ അസി.കമ്മിഷണറുടെ സംഘമാണ് ഇന്റർപോളിനെ സമീപിച്ചത്. 2019 മാർച്ച് 7ന് യു.എസ് പൗരൻ മുഹമ്മദ് അലിക്കൊപ്പമാണ് ലിസ തിരുവനന്തപുരത്തെത്തിയത്. മാർച്ച് 10ന് ജർമ്മനിയിലെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടശേഷം പിന്നീട് യാതൊരുവിവരവും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ ജർമ്മൻ കോൺസുലേറ്റ് വഴി സമർപ്പിച്ച പരാതിയിൽ ഡി.ജി.പിയുടെ നിർദേശാനുസരണം വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം.
ലിസയ്ക്കൊപ്പം കേരളത്തിലെത്തുകയും 2019 മാർച്ച് 15ന് കൊച്ചിയിൽനിന്ന് ദുബായ് വഴി ലണ്ടനിലേക്ക് പോകുകയും ചെയ്ത മുഹമ്മദ്അലിയെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. മൂന്നുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കൊവിഡ് വ്യാപനമുണ്ടായതാണ് അന്വേഷണത്തിന് തടസമായത്.
