തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി കൈതപൊയിലിൽ വച്ച് ഇന്ന് രാവിലെ ഏഴ് മണിക്കാണ് അപകടം. സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലും ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കുകളില്ല. തുടർച്ചയായി സ്വിഫ്റ്റ് ബസ്സുകൾ അപകടത്തിൽപ്പെടുന്നത് കെഎസ്ആർടിസിക്ക് തലവേദനയാകുകയാണ്.
