ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം. കൊവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാനും തീരുമാനമായി. ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ചേർന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ അറുപത് ശതമാനം വർധിച്ചു.നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ദില്ലിയിലാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്.
ഈ സാഹചര്യം വിലയിരുത്താനാണ് ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ അനിൽ ബെയ്ജാലിൻ്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്. മാസ്ക് ഉൾപ്പടെ പ്രധാന കൊവിഡ് മാനദണ്ഡങ്ങൾ തിരികെ കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തിൽ നിർദേശമുണ്ട്. എന്നാൽ സ്കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തില്ല.
