വർക്കല: തീപിടിത്തത്തിൽ പാപനാശം ഹെലിപ്പാഡിന് സമീപത്തെ കരകൗശല വില്പനശാല പൂർണമായും നശിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. കർണാടക സ്വദേശിയായ വിധ്ൽ 19വർഷമായി നടത്തിവന്നിരുന്ന ‘ ബാലാജി ഹാൻഡിക്രാഫ്ട്സ് ‘ എന്ന കടയിലാണ് അപകടമുണ്ടായത്.പുലർച്ചെ ഹെലിപ്പാഡിലൂടെ നടന്നുപോയ നാട്ടുകാരിൽ ചിലരാണ് തീപിടിക്കുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി തീകെടുത്തിയതിനാൽ സമീപത്തെ മറ്റ് കടകളിലേക്കും റിസോർട്ടുകളിലേക്കും തീ ആളിപ്പടരാതെ വലിയൊരു ദുരന്തം ഒഴിവായി. വർക്കല ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും സംഭവം നടന്ന സ്ഥലത്തേക്ക് വാഹനം കടന്നുചെല്ലാൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ ഫ്ലോട്ട് പമ്പ് സ്ഥാപിച്ച ശേഷം ഹോസ് ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. ഏറെ നേരത്തെ ശ്രമഫലത്തിനൊടുവിലാണ് തീ പൂർണമായും കെടുത്തിയത്.