തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം ആർ ഐ സ്കാനർ അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചു. തുടർച്ചയായ പ്രവർത്തനം മൂലം എം ആർ ഐ സ്കാനർ കേടാവുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ എസ് എ ടി ആശുപത്രിയിലെ എച്ച് എൽ എല്ലിനു കീഴിലുള്ള എം ആർ ഐ സ്കാനറിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്ക് കൂടി പരിശോധന നടത്തുന്നതിനും സർക്കാരിന്റെ ചികിത്സാ പദ്ധതി വഴിയുള്ള പരിശോധനകൾക്ക് സർക്കാർ എംപാനൽഡ് സെന്ററുകളെയും ചുമതലപ്പെടുത്തിയിരുന്നു. എച്ച് ഡി എസ് ഫണ്ടിൽ നിന്നും തുക കണ്ടെത്തി എംആർഐ സ്കാൻ എത്രയുംവേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോർജ് കർശന നിർദ്ദേശം നൽകുകയും തുടർ പ്രവർത്തനങ്ങളിൽ ഇടപെടുകയും നിരന്തരം വിലയിരുത്തുകയും ചെയ്തതിന്റെ ഫലമായാണ് കഴിവതും വേഗം മെഷീൻ പ്രവർത്തനക്ഷമമാക്കുവാൻ സാധിച്ചത്. കേടുപാടുകൾ തീർത്ത് പ്രവർത്തനം പുനരാരംഭിച്ച ബുധനാഴ്ച ആറു പേർക്ക് സ്കാനിംഗ് നടത്തുകയും ചെയ്തു.
2009 ൽ സ്ഥാപിച്ച മെഷിന് അഞ്ചു വർഷം ഗാരന്റി ഉണ്ടായിരുന്നു. തുടർന്ന് ഓരോ വർഷവും കോംപ്രിഹെൻസീവ് ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് (സി എ എം സി ) പുതുക്കുകയും ചെയ്തു. 2019 ൽ 10 വർഷത്തെ കാലാവധി പൂർത്തിയായതിനാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം കൂടി കമ്പനി കരാർ നീട്ടി നൽകി .2020 – 21 ൽ തുക വ്യത്യാസപ്പെടുത്തി ഒരു വർഷം കൂടി കരാർ നീട്ടി. 2021 മുതൽ കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ടതും മെഷീന്റെ കാലപ്പഴക്കവും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തെങ്കിലും ചർച്ചയിലൂടെ തുക വ്യത്യാസപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് എച്ച് ഡി എസ്ഫണ്ട് ഉപയോഗിച്ച് മെഷീന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ പറഞ്ഞു.