കുളത്തൂർ: കഴക്കൂട്ടത്ത് റെയിൽവേ പാളത്തിന് സമീപം കഴിഞ്ഞ ദിവസം നാടൻ ബോംബുശേഖരം കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശികളായ സന്തോഷ് (45), സുൽഫി (43), ഷാജഹാൻ (45), അസാം സ്വദേശികളായ നാസിർ റഹ്മാൻ (30), ഷാജഹാൻ (18) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സായികുമാറിനെ പിടികൂടാനായില്ല. സമീപത്ത് നടന്ന ക്ഷേത്രോത്സവത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ എതിർവിഭാഗക്കാരെ ആക്രമിക്കാനാണ് നാടൻ ബോംബ് നിർമ്മിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചു. പിടികൂടുന്നതിനിടെ രക്ഷപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഒളിച്ചിരിക്കുമ്പോഴാണ് പ്രതികളെ പിടികൂടിയത്.