തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ കൂടുതൽ സമ്മർദം ചെലുത്താൻ ജനകീയ കൂട്ടായ്മയുടെ തീരുമാനം.തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗത്തിലാണ് ഇക്കാര്യത്തിൽ കൂടുതൽ രാഷ്ട്രീയ സമ്മർദം ചെലുത്താനുള്ള തീരുമാനമുണ്ടായത്. സാമൂഹിക, രാഷ്ട്രീയ, വ്യാവസായിക രംഗങ്ങളിലുള്ളവർ ഇക്കാര്യമുന്നയിച്ച് കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിയെയും കാണും.
നേരത്തെതന്നെ തിരുവനന്തപുരത്ത് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയോടും പാർലമെന്റിലും ആവശ്യപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശശി തരൂർ എം.പി. പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരും സജീവമായി ഇടപെടണം. തിരുവനന്തപുരത്തെക്കൂടി സാധ്യതാ പട്ടികയിലുൾപ്പെടുത്തി കേന്ദ്രത്തിന് പുതിയ ശുപാർശ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.