കോവളം: മോഷ്ടിച്ച വാഹനങ്ങളിലെത്തിയ കുട്ടിക്കുറ്റവാളികൾ വാഹന പരിശോധനയ്‌ക്കിടെ പൊലീസിന്റെ പിടിയിലായി. കോവളം കെ.എസ് റോഡിൽ ഇന്നലെയാണ് സംഭവം. നമ്പർ പ്ളേറ്റ് ഇളക്കിമാറ്റിയ ആഢംബര ബൈക്കുകളിലെത്തിയ ഇവരോട് രേഖകൾ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിന്റെ രേഖകളൊന്നും കൈയിലില്ലായിരുന്നു. സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബൈക്കുകൾ തക്കലയിൽ നിന്നും മാർത്താണ്ഡത്തു നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്.
റോഡിന് സമീപം പാർക്ക് ചെയ്യുന്ന ബൈക്കുകളുടെ പൂട്ട് പൊട്ടിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് കോവളം എസ്.എച്ച്.ഒ പ്രൈജു പറഞ്ഞു. എസ്.എച്ച്.ഒയുടെ നിർദ്ദേശപ്രകാരം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐ നസീർ, സി.പി.ഒമാരായ ഷിബു, ഷൈൻജോസ്, വിഷ്ണു, ഹോംഗാർഡ് ജിനിൽ ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും ബൈക്കുകളും കസ്റ്റഡിയിലെടുത്തത്.
