തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം പോയ കേസിൽ പൊലീസ് അന്വേഷണം പാതിവഴിയിൽ. വിരമിച്ച സീനിയർ സൂപ്രണ്ടിൽ അന്വേഷണം എത്തിനിൽക്കെയാണ് അന്വേഷണ ചുമതലയിലെ അവ്യക്തത കാരണം കേസന്വേഷണം നിലച്ചത്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ ലോക്കൽ പൊലീസിന്റെ അന്വേഷണവും നിലച്ചു.പേരൂർക്കട പൊലീസാണ് കേസ് അന്വേഷിച്ച് തുടങ്ങിയത്. മേൽനോട്ടത്തിനായി സിറ്റി പൊലീസ് കമ്മിഷണറും പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തൊണ്ടി മുതൽ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും മോഷണം പോയ സ്വർണാഭരണങ്ങളുമായി സാമ്യതയുള്ള ആഭരണങ്ങൾ പണയം വച്ചതിന്റെ രേഖകളും പൊലീസ് കണ്ടെത്തി. മുൻ സീനിയർ സൂപ്രണ്ടാണ് ഇവ പണയം വച്ചതെന്ന് വ്യക്തമായതോടെ ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ആവശ്യമുണ്ടോ എന്ന് പൊലീസ് ആസ്ഥാനത്ത് നിന്നും സിറ്റി പൊലീസ് കമ്മിഷണറോട് ചോദിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് വിവരം.
