വർക്കല : വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ചുഴിയിൽ പെട്ട് മരണപ്പെട്ടു.തമിഴ്നാട് കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷ്(24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലാശിവരാമൻ (23)ന്റെ നില അതീവ ഗുരുതരമാണ്.കഴിഞ്ഞ ദിവസം ആണ് 5 പേർ അടങ്ങുന്ന സുഹൃത്തുക്കൾ ഉല്ലാസയാത്രക്ക് ആയി വർക്കലയിൽ എത്തുന്നത്. വർക്കല പാപനാശം മറൈൻ പാലസ് റിസോർട്ടിലായിരുന്നു താമസം. ഇന്ന് 4 മണിയോടെ ഇവർ ഇടവ ഓടയം കടപ്പുറത്ത് കുളിക്കാൻ എത്തി. കുളി കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം കരയ്ക്കെത്തിയ അജയ് വീണ്ടും കുളിക്കാൻ കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഒപ്പം ബാല ശിവരാമനും ഇറങ്ങി. തുടർന്ന് ഇവർ തിരയിൽ പെട്ട് കടലിൽ താഴ്ന്നു പോയി. നല്ല ചുഴി ഉള്ള സ്ഥലം കൂടി ആണ് ഓടയം ബീച്ചിലെ ഈ സ്ഥലം. സുഹൃത്തുക്കൾ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയാണ് രണ്ടുപേരെയും കരയ്ക്ക് എത്തിച്ചത്. ആംബുലൻസിൽ ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അജയ് വിഘ്‌നേഷ് മരണപ്പെട്ടു.
