അയിരൂർ : പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ സ്വദേശിനിയായ അശ്വതി ദേവിലാൽ (17) നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലര മണിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പരവൂർ പുതക്കുളം ചെമ്പകശ്ശേരി സ്കൂളിലെ വിദ്യാർത്ഥിനിയായ അശ്വതിയുടെ പ്ലസ് വൺ പരീക്ഷകൾ നടന്നുവരികയാണ്. കഴിഞ്ഞദിവസം നാല് മണിയോടെ സമീപത്തെ ആറ്റിൽ കുളി കഴിഞ്ഞെത്തിയ അശ്വതി ചായ ഇടാൻ അടുക്കളയിൽ പോവുകയും തുടർന്ന് അശ്വതിയെ കാണാത്തത് കൊണ്ട് തിരക്കി എത്തിയപ്പോൾ അടുക്കള ഭാഗത്ത് തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നുമാണ് വീട്ടുകാർ നൽകിയിട്ടുള്ള മൊഴി. തുടർന്ന് അയിരൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചു വരികയാണ്. 15 വയസ്സുള്ള അനന്തു സഹോദരനാണ്.
