തിരുവനന്തപുരം :പേട്ട – ആനയറ- ഒരുവാതില്‍കോട്ട മാതൃക റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കിയ 614 ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ വിതരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കിഫ്ബി വികസന പദ്ധതി ഫണ്ട് വിനിയോഗിച്ച് 133 കോടി രൂപയുടെ വികസനമാണ് മാതൃക റോഡ് നിര്‍മ്മാണത്തിലൂടെ യഥാര്‍ഥ്യമാകുന്നത്.
വലിയ പരിശ്രമത്തിന്റെ വിജയമാണിതെന്നും പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസമില്ലാതെ എല്ലാവരും സന്തോഷത്തോടെയാണ് പദ്ധതിയുമായി സഹകരിച്ചത്. പേട്ട – ആനയറ – ഒരുവാതില്‍ക്കോട്ട റോഡിനു ഇരുവശത്തു നിന്നുമുള്ള 614 പേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട 428 പേര്‍ക്ക് 54 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയുന്നത്. വരും ദിവസങ്ങളില്‍ വസ്തു ഏറ്റെടുക്കല്‍ സമ്മതപത്രം നല്‍കുന്ന മുറയ്ക്ക് തുക ട്രഷറിയില്‍ നിന്നും ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ഭൂമി വിട്ടുനല്‍കിയ ഭൂവുടമകളുടെ പ്രമാണരേഖകള്‍ പരിശോധിക്കാന്‍ 19 അഭിഭാഷകരുടെ ഒരു പാനല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
കടകംപള്ളി റവന്യൂ ടവറില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.ഗോപകുമാര്‍, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, തഹസില്‍ദാര്‍മാരായ കെ.എസ്.അനില്‍കുമാര്‍, എ.ഷാജു, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, തുടങ്ങിയവരും പങ്കെടുത്തു.