കോവളം : ഇരുട്ടുമൂടിയ കോവളം വിനോദ സഞ്ചാരകേന്ദ്രത്തിന് വെളിച്ചം പകരുന്നതിനു പുതിയ വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനം. ഉയരം കുറഞ്ഞ വിളക്കുകളാണ് (മിനി മാസ്റ്റ്-ലൈറ്റുകൾ) ആണ് തീരത്ത് സ്ഥാപിക്കുക. നിലവിലുള്ള വിളക്കുകൾ കേടായനിലയിലാണ്. ഉയരവിളക്കുകളിൽ പലതും അടിസ്ഥാനമിളകി മറിഞ്ഞനിലയിലുമാണ്.ഇവയെ മാറ്റിയാണ് എട്ടുമീറ്റർ ഉയരമുള്ള പുതിയവ സ്ഥാപിക്കുക. സന്ധ്യയ്ക്കുശേഷം കോവളം തീരത്ത് വരുന്ന സഞ്ചാരികൾക്ക് ഇരുട്ടുകാരണം തീരത്തിറങ്ങാൻ കഴിയുന്നില്ലെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാര ഡയറക്ടർ വിളിച്ചുചേർത്ത യോഗത്തിൽ കോവളം തീരത്ത് ഉയരം കുറഞ്ഞ വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂലായ് രണ്ടാംവാരത്തോടെ ഇവ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
