തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യമെന്നും അദ്ധ്യാപകരുടെ പിന്തുണയോടെ ഇത് സാധ്യമാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്ററിയില്‍ 83.87 ശതമാനം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്സെക്കന്ററിയില് 78.24 ശതമാനം വിദ്യാര്‍ത്ഥികളും ഈ വര്‍ഷം ഉപരിപഠനത്തിന് അര്‍ഹത നേടിയിരിക്കുകയാണ്. തികച്ചും ശാസ്ത്രീയമായ പരീക്ഷ രീതികളും മൂല്യനിര്‍ണയ രീതികളും അവലംബിച്ച് രാജ്യത്തെ മികച്ച പരീക്ഷ ബോര്‍ഡായി മാറിയിരിക്കുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് മികച്ച ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കാനാണ് മുന്‍ഗണന നല്കിയതെങ്കില് നടപ്പ് അധ്യയന വര്‍ഷത്തില്‍ അക്കാദമിക് മികവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ആധുനിക സങ്കേതങ്ങള്‍ മനസിലാക്കുന്നതിലും മുന്നിലാണ് ഇവർ . അദ്ധ്യാപകരെ കൂടുതല്‍ ഉന്നതിയിലേക്ക് എത്തിക്കുന്നതിനുള്ള പരിശീലനപദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
കഴക്കൂട്ടം മണ്ഡലത്തിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഹയര്‍സെക്കന്ററി സ്കൂളിലെയും കാര്യവട്ടം ഗവണ്മെന്റ് യു.പി സ്കൂളിലെയും ഹൈടെക് ബ്ലോക്കുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഹയര്‍സെക്കന്ററി സ്കൂളിലെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിനു പകരമായി പുതിയൊരു ബ്ലോക്ക് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയും വാര്‍ഡ് കൗണ്‍സിലറും സമര്‍പ്പിച്ച നിവേദനം സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് അനുമതി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2.5 കോടി രൂപയാണ് നിലവില്‍ ഹൈടെക് ബ്ലോക്കിനായി ഇവിടെ അനുവദിച്ചിരിക്കുന്നത്.
മൂന്നുകോടി രൂപ ചെലവഴിച്ചാണ് കാര്യവട്ടം ഗവണ്മെന്റ് യു.പി.സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
വിദ്യാഭ്യാസ രംഗത്ത് കഴക്കൂട്ടം മണ്ഡലം സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണെന്നും അക്കാദമിക കാര്യങ്ങളില്‍ മാത്രമല്ല അടിസ്ഥാന സൗകര്യ വികസനത്തിലും ഈ മുന്നേറ്റം ദൃശ്യമാണെന്നും അദ്ധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ സ്കൂളുകളിൽ വിജയശതമാനം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ‘പ്രകാശം’ പദ്ധതി ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു സ്കൂളുകളിലുമായി നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഡി.ആര്.അനില്‍, റീന കെ.എസ്, കൗണ്‍സിലര്‍മാരായ സ്റ്റാന്‍ലി ഡിക്രൂസ്, ചെമ്പഴന്തി ഉദയന്‍, ബി.ആര്.സി കണിയാപുരം ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണൻ യു, പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, ഹെഡ്മിസ്റ്റര്മാര്, അദ്ധ്യാപകര്‍ തുടങ്ങിയവരും പങ്കെടുത്തു.