തിരുവനന്തപുരം: ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘട്ടനo തടയാനെത്തിയ പാറശ്ശാല എസ് ഐ കെ ജിതിൻ വാസിനെ മർദ്ദിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഐഎച്ച്ആർഡി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ പാപ്പനംകോട് സ്വദേശി ഗൗതം ഹർഷ് , നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് പാറശ്ശാല പൊലിസ് പിടികൂടിയത്. ഗൗതം ഹർഷിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ നടന്ന യോഗാ ദിന പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥികളെയാണ് ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികൾ ക്യാംപസിന് അകത്ത് നിന്ന് കല്ലെറിഞ്ഞത്. തുടർന്ന് വിടിഎം എൻഎസ് എസ് കോളേജ് വിദ്യാർത്ഥികൾ തിരിച്ച് എറിഞ്ഞതോടെ സംഘർഷമായി. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ എസ് ഐ യ്ക്ക് നേരെയും ആക്രമണമുണ്ടായി.
