തിരുവനന്തപുരം :അമൃത് സരോവർ പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറക്കുളം നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് പി. മുരളി നിർവഹിച്ചു. പദ്ധതിയുടെ ജില്ലയിലെ പ്രവർത്തന പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ചു. സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രാങ്കൂര്‍ ഗുപ്ത, സി.ഡബ്ല്യൂ.പി.ആര്.എസ് ടെക്നിക്കല്‍ ഓഫീസര്‍ രാജ് കുമാര്‍ എനിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. സാമൂഹിക കൂട്ടായ്മകളുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പിലാക്കണമെന്ന് കേന്ദ്ര സംഘം ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സമ്പത്താണ് നദികളും കുളങ്ങളും. പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.
പഴഞ്ചിറ കുളത്തിന് ചുറ്റും 3,500 സ്ക്വയർ ഫീറ്റ് കയർ ഭൂവസ്ത്രം വിതാനിക്കാനും മുള തൈകൾ വച്ചു പിടിപ്പിച്ച് പരിപാലിക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നബാർഡിന്റെ സഹകരണത്തോടെ ശുദ്ധജല സംഭരണി നിർമ്മിച്ച് ജലം പഞ്ചായത്തിലെ വാർഡുകളിലേക്ക് വിതരണം ചെയ്യാനുള്ള വിപുലമായ പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഴഞ്ചിറ ക്കുളത്തിന്റെ നവീകരണത്തോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിരവധി പദ്ധതികൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലെയും 75 നദികൾ ,കുളങ്ങൾ എന്നിവ നിർമ്മിക്കുകയോ നവീകരിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുകയാണ് അമൃത് സരോവർ പദ്ധതിയുടെ ലക്ഷ്യം. ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറക്കുളം തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല കുളമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷത്തി അൻപത്തി മൂവായിരം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിലൂടെ 1400 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിയും.
പഴഞ്ചിറയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി. സി, വൈസ് പ്രസിഡന്റ് ആർ. സരിത,
ജില്ലാ വികസന കമ്മീഷണർ ഡോ. വിനയ് ഗോയൽ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ലെനിൻ, വാർഡ് മെമ്പർമാർ തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.