കഴക്കൂട്ടം : മാജിക് പ്ലാനറ്റിലെ കുട്ടികൾക്കൊപ്പം ഗായിക മഞ്ജരിയുടെ വിവാഹ ആഘോഷം.വെള്ളിയാഴ്ച രാവിലെ ആക്കുളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ബാല്യകാല സുഹൃത്തും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ. മാനേജരുമായ ജെറിൻ പീറ്ററിന്റെയും മഞ്ജരിയുടെയും വിവാഹം നടന്നത്. ആർഭാടം ഒഴിവാക്കി താലികെട്ട് ചടങ്ങു മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. നടൻ സുരേഷ് ഗോപിയും, ഗായകൻ ജി. വേണുഗോപാലും കുടുംബസമേതമെത്തിയിരുന്നു.
ചടങ്ങുകൾക്ക് ശേഷം വരനും വധുവും മഞ്ജരിയുടെ അച്ഛൻ ബാബു രാജേന്ദ്രനും അമ്മ ഡോ.ലതയ്ക്കുമൊപ്പം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ എത്തി. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഭിന്നശേഷി കുട്ടികളും മാതാപിതാക്കളും ചേർന്ന് ചെണ്ടമേളത്തോടൊപ്പം പാട്ടുപാടിയുമാണ് ഇവരെ വരവേറ്റത്. മഞ്ജരി സിനിമയിൽ പാടിയ ഗാനങ്ങൾ കുട്ടികളോടൊപ്പം ചേർന്ന് ആലപിക്കുകയും ജെറിൻ കുട്ടികൾക്കൊപ്പം ചുവടു വെയ്ക്കുകയും ചെയ്തു. സദ്യ മഞ്ജരിയും ജെറിനും ചേർന്ന് കുട്ടികൾക്ക് വിളമ്പുകയും കഴിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.ഇതാദ്യമായാണ് ഒരു വിവാഹ ആഘോഷം ഡിഫറന്റ് ആർട് സെന്ററിൽ നടക്കുന്നത്