തിരുവനന്തപുരം: ഫെബ്രുവരിയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയമാക്കിയതിനു പിന്നാലെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരും കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ദാതാവിനെ കാത്തിരിക്കുകയാണ്. സർജിക്കൽ ഗ്യാസ്ട്രോ,ഗ്യാസ്ട്രോ എന്ററോളജി വിഭാഗങ്ങൾ സംയുക്തമായാണ് കരൾമാറ്റ ശസ്ത്രക്രിയ നടത്തേണ്ടത്. ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐ.സി.യു, ഡോണർ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവ സജ്ജമാക്കി. ലൈസൻസും ലഭ്യമായി. ജീവനക്കാർക്കുള്ള പരിശീലനവും പൂർത്തിയാക്കി. ട്രാൻസ്പ്ളാന്റേഷന് രോഗികളുടെ രജിസ്ട്രേഷനും ആരംഭിച്ചു. കരൾമാറ്റ ശസ്ത്രക്രിയ സ്വകാര്യആശുപത്രികളിൽ ലക്ഷങ്ങൾ ചെലവാകുന്നതാണ്.
അഞ്ചു വർഷം മുൻപ് 2016 മേയ് 24ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണാനന്തര അവയവദാനത്തിന്റെ ഭാഗമായി ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലംകണ്ടില്ല. അണുബാധയെ തുടർന്ന് രോഗി മരിച്ചതോടെ സർക്കാർ മേഖലയിലെ കരൾമാറ്റ ശസ്ത്രക്രിയ നിലച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത കാരണം ഡോക്ടർമാരും പിൻമാറിയിരുന്നു. തുടർന്നാണ് അടുത്തിടെ കൂടുതൽ സൗകര്യങ്ങളൊരുക്കുകയും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്തത്. ഈ രംഗത്തെ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിലാകും ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടക്കുക
