തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ കൂടുതല്‍ നിരത്തിലിറക്കി പരീക്ഷിക്കാനൊരുങ്ങുകയാണ് മാനേജ്മെന്റ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് വേണ്ടി ഇലക്ടിക് ബസുകള്‍ നിരത്തിലിറങ്ങാന്‍ പോകുന്നു. ഇതിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡല്‍ഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യല്‍ നിന്നുള്ള ബസുകളാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വാങ്ങിയത്.
കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥമായതായി ഇലക്ട്രിക് ബസില്‍ ആദ്യ യാത്ര നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ കാലക്രമേണ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റും.നിലവില്‍ ഡീസല്‍ ബസുകള്‍ സിറ്റി സര്‍വ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ചിലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോള്‍ 20 രൂപയില്‍ താഴെയാകും ചിലവ് വരുക. നിലവിലെ ഇന്ധന വിലവര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക. തമ്പാനൂര്‍, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടാകും