തിരുവനന്തപുരം :ജില്ലയില്‍ ശേഷിക്കുന്ന മൂന്ന് താലൂക്കുകളിലെ പട്ടയ വിതരണം ഉടന്‍ പൂര്‍ത്തിയാക്കാനും പട്ടയ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിശോധിക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. കാട്ടാക്കട -നെയ്യാര്‍ ഡാം, അരുവിക്കര-വെള്ളറട ഉള്‍പ്പെടെയുള്ള റോഡുകള്‍ക്ക് അടിയന്തര ശ്രദ്ധ നല്‍കി ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിറുത്തിവച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ മൂന്നുമാസത്തിനുള്ളില്‍ പുന:സ്ഥാപിക്കാനും തീരുമാനമായി. വിദ്യാഭ്യാസ- തൊഴില്‍ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യാത്രാക്ലേശം വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ നിരത്തില്‍ എത്തുന്നത്തോടെ ഇത് പരിഹരിക്കപ്പെടുമെന്ന് സമിതി വിലയിരുത്തി.
പാറശ്ശാല ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കിഴക്കുംമല കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തികള്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കും. പാറശാല താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ നവീകരണം വേഗത്തിലാക്കണമെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നും ഡി കെ മുരളി എം.എല്‍.എ ആവശ്യപ്പെട്ടു. ഭരതന്നൂര്‍ എച്ച്എസ്എസില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഉണ്ടായ ചോര്‍ച്ച പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണാനും സമിതി തീരുമാനിച്ചു. പാലോട്, കല്ലറ, പാങ്ങോട് വില്ലേജുകളിലെ റീസര്‍വേ പരാതികള്‍ ഉടന്‍ പരിഹരിക്കും. മണ്ഡലത്തിലെ ജീവന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സമിതി വിലയിരുത്തി. പെരിങ്ങമ്മല കൊല്ലയില്‍ ഗവണ്‍മെന്റ് എല്‍. പി.എസിലെ പഴയ കെട്ടിടം പൊളിച്ചു നീക്കും.
കാട്ടാക്കട പൊന്നറ ശ്രീധര്‍ ടൗണ്‍ഹാള്‍ നിര്‍മാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കല്‍ വേഗത്തിലാക്കും. വെള്ളൈക്കടവ് പാലത്തിന്റെ ഇരുവശങ്ങളിലും ഫെന്‍സിംഗ് സംരക്ഷണം ഒരുക്കണമെന്ന് ഐ ബി സതീഷ് എംഎല്‍എ പറഞ്ഞു. കൂടാതെ ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ഊര്‍ജിതമാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
കുറ്റിച്ചല്‍ മണ്ണൂര്‍കട വാര്‍ഡില്‍ 99 പേര്‍ക്ക് വനാവകാശ രേഖ നല്‍കുന്നതില്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. അരുവിക്കര മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ മേഖലയില്‍ മൊബൈല്‍ കണക്ടിവിറ്റിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. തൊളിക്കോട് യു ഐ ടി കെട്ടിടത്തിന്റെ നവീകരണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഗോത്രസാരഥി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് ജി സ്റ്റീഫന്‍ എംഎല്‍എ നിര്‍ദേശിച്ചു.
വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ നടപ്പിലാക്കുന്ന 50 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനത്തിന് പുരോഗതി സമിതി ചര്‍ച്ച ചെയ്തു. സ്‌കൂള്‍ സമയങ്ങളില്‍ ഉണ്ടാകുന്ന ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക നടപടി വേണമെന്ന് വി കെ പ്രശാന്ത് എംഎല്‍എ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ജോസ് ജെ., ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, വകുപ്പ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.