തിരുവനന്തപുരം : 2006 മുതൽ ഒന്നര പതിറ്റാണ്ടോളം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെപ്രധാന തന്ത്രി സ്ഥാനം വഹിച്ച തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു പുറമേ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം തുടങ്ങി പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചു. ബി നിലവറ തുറക്കരുതെന്ന നിലപാടായിരുന്നു ആദ്യം മുതൽ തരണനല്ലൂർ സ്വീകരിച്ചത്. തിരുപ്പതി മാതൃകയിൽ സുപ്രഭാതം വേണമെന്ന അമിക്കസ് ക്യൂറിയുടെ നിർദ്ദേശത്തെയും ആചാര ലംഘനം ചൂണ്ടിക്കാട്ടി അദ്ദേഹം എതിർത്തു. മേൽക്കൂര അറ്റകുറ്റപ്പണി നടത്താനായി 7 വർഷം മുൻപ് നിലത്തിറക്കിയ താഴികക്കുടം പുന: പ്രതിഷ്ഠ നടത്താത്തതിനെതിരെയും അദ്ദേഹം ശബ്ദമുയർത്തി. സ്ത്രീകൾക്കു ചുരിദാർ ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കടക്കാമെന്ന എക്സിക്യുട്ടീവ് ഓഫിസറുടെ വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് തന്ത്രിയുടെ അഭിപ്രായം പരിഗണിച്ചായിരുന്നു.
