കോവളം: വിനോദ സഞ്ചാരികളെ വരവേൽക്കാൻ കലാമേളകളുടെ പരമ്പര ഒരുക്കുകയാണ് കോവളം വെള്ളാറിലെ കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്. വില്ലേജിൽ ഇനിമുതൽ എല്ലാമാസവും രണ്ടു കലാമേളവീതം ഉണ്ടാകും. ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച്ചകളില്‍ നടക്കുന്ന കലാമേളയ്ക്ക് ‘സെന്റര്‍ സ്റ്റേജ്’ എന്നാണു പേര്.പ്രതിദിനസാംസ്ക്കാരികപരിപാടികൾ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണിതെന്ന് ക്രാഫ്റ്റ് വില്ലേജ് അധികൃതർ അറിയിച്ചു. ലോകസംഗീതോത്സവങ്ങളും ആലോചനയിലുണ്ട്. ദക്ഷിണേൻഡ്യയിലെ ഏറ്റവും പ്രധാന കലാസാംസ്ക്കാരികഹബ്ബായി ക്രാഫ്റ്റ് വില്ലേജിനെ മാറ്റാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് പ്രതിദിനകലാസന്ധ്യകളും ലോകമേളകളും. പ്രാരംഭമായി ആസൂത്രണം ചെയ്ത ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പരിപാടികളിൽ രാജ്യത്തെ പ്രമുഖകലാകാരർ പങ്കെടുക്കുന്നുണ്ട്.
സെന്റര്‍ സ്റ്റേജിന്റെ ആദ്യ എഡിഷന് വെള്ളിയാഴ്ച (ജൂലൈ ഒന്ന്) നടക്കും. പ്രശസ്ത നടന് സന്തോഷ് കീഴാറ്റൂരിന്റെ സോളോ ഡ്രാമയായ ‘പെണ്നടന്’ ആണ് ആദ്യദിനത്തിലെ ആദ്യപരിപാടി. വൈകുന്നേരം ഏഴുമണിക്കു തുടങ്ങുന്ന നാടകത്തെ തുടർന്ന് എട്ടു മണിയോടെ മെന്റലിസ്റ്റ് ഫാസില്‍ ബഷീറിന്റെ ‘ട്രിക്സ് മാനിയ’ എന്ന മെന്റലിസം പ്രോഗ്രാമും ഉണ്ടാവും. സെന്റര്‍ സ്റ്റേജ് പരിപാടികൾക്ക് ക്രാഫ്റ്റ് വില്ലേജിലേക്കുള്ള പ്രവേശനട്ടിക്കറ്റ് അല്ലാതെ പ്രത്യേക ടിക്കറ്റ് ഇല്ല.
പ്രശസ്ത നാടകനടന്‍ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെണ്‍നടന്റെ പ്രമേയം. സ്ത്രീകള്‍ക്ക് അരങ്ങിലെത്താന്‍ വിലക്കുണ്ടായിരുന്ന കാലത്ത്, നായകവേഷം ചെയ്യാന്‍ ആഗ്രഹിച്ച ഒരു നടന് സ്ത്രീവേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയ കഥയാണ് സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ബോധവത്കരണമാണ് ട്രിക് മാനിയ. മെന്റലിസവും മാജിക് ഷോകളും സംഘടിപ്പിക്കുന്ന ഫാസില്‍ ബഷീര്‍ പ്രശസ്ത യൂട്യൂബര്‍ കൂടിയാണ്.
നഗരത്തോടു ചേർന്ന്, എന്നാൽ നഗരത്തിന്റെ തിരക്കുകളില്ലാത്ത ക്രാഫ്റ്റ് വില്ലേജിലെ കലാപരിപാടികള്‍ക്ക് ടൂറിസ്റ്റുകൾക്കു പുറമെ നഗരത്തിന്റെ പലഭാഗത്തുനിന്നും ഏറെ പ്രേക്ഷകപങ്കാളിത്തം ഉണ്ടാകുന്നുണ്ട്. മുപ്പതോഓളം ക്രാഫ്റ്റ് സ്റ്റുഡിയോകളിലായി ഒരുക്കിയിട്ടുള്ള കരകൗശലവസ്തുക്കളും കരകൗശലവിദഗ്ദ്ധര്‍ അവ നിർമ്മിക്കുന്നതും കാണാനും ധാരാളംപേർ എത്തുന്നുണ്ട്. ടൂറിസംവകുപ്പിനുവേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ക്രാഫ്റ്റ് വില്ലേജ് നടത്തുന്നത്. വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിന്റെ സാദ്ധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്.