നെടുമങ്ങാട്: പഴകുറ്റി നാലുവരിപ്പാതയുടെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാൻ ഒടുവിൽ ഉത്തരവായി. ആദ്യം തയാറാക്കിയ അലൈൻമെന്റ് അനുസരിച്ചാണ് സ്ഥലമേറ്റെടുക്കുന്നത്. സെന്റർ ഫോർ ലാന്റ് ആൻഡ് സോഷ്യൽ സ്റ്റഡീസ് ആണ് ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടുള്ളത്. കരകുളം, അരുവിക്കര, നെടുമങ്ങാട്, കരിപ്പൂർ വില്ലേജുകളിൽപ്പെട്ട 7.561 ഹെക്ടർ ഭൂമിയാണ് റോഡിനുവേണ്ടി ഏറ്റെടുക്കുന്നത്. ഇതിനായി നേരത്തെ തന്നെ സാമൂഹ്യാഘാതപഠനം നടത്തിയിരുന്നു. കൂടാതെ ഏറ്റെടുക്കുന്ന വസ്തുവിലെ കുടുംബങ്ങളുടെ പരാതികൾ കേൾക്കുന്നതിന് അദാലത്തും സംഘടിപ്പിച്ചിരുന്നു. റോഡിന്റെ കാര്യത്തിൽ പരാതികൾ ഉയർന്നതോടെ വിദഗ്ദ്ധ സമിതിയുടെ ശുപാർശ, സാമൂഹ്യാഘാത പഠന റിപ്പോർട്ട്, ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ സർക്കാർ വിശദമായി പരിശോധിച്ചാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.
