തിരുവനന്തപുരത്ത്: പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ തിരുവനന്തപുരത്തെത്തി. ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെത്തിയ യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കളെത്തിയാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവർ ചേർന്നാണ് യശ്വന്ത് സിന്‍ഹയെ സ്വീകരിച്ചത്.
ഭരണ പ്രതിപക്ഷ നേതാക്കളെ സന്ദർശിച്ച് അദ്ദേഹം പിന്തുണ തേടും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ എൽഡിഎഫ് എംപിമാരുമായും എംഎൽഎമാരുമായും യശ്വന്ത് സിൻഹ കൂടിക്കാഴ്ച നടത്തും. മൂന്ന് മണിക്കാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാർത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും.