തിരുവനന്തപുരം: കേരളത്തിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. തഞ്ചാവൂർ സ്വദേശി സന്തോഷ് കുമാറിനെയാണ് (34) പേട്ട പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. വാഹന ഡീലറായ ഇ.വി.എം ഗ്രൂപ്പിന്റെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് വാടകയ്ക്കെടുത്ത ആഡംബര കാർ കോയമ്പത്തൂരിൽ പൊളിച്ചുവിൽപ്പന സംഘത്തിന് മറിച്ചുവിറ്റ കേസിലാണ് അറസ്റ്റ്. തട്ടിപ്പിനുപയോഗിച്ച കാർ തമിഴ്നാട്ടിൽ പൊലീസ് കണ്ടെത്തി. റെന്റ് എ കാർ ബിസിനസ്സ് നടത്തുന്നവരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചുവിൽക്കൽ സംഘത്തിന് കൈമാറി പണം വാങ്ങുന്ന സന്തോഷിനെതിരെ സമാനമായ കേസുകളുള്ളതായി പേട്ട പൊലീസ് വെളിപ്പെടുത്തി.
