വെഞ്ഞാറമൂട്: സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തിൽ മരിച്ചു. യാത്രക്കിടെ ട്രക്കിടിക്കുകയായിരുന്നു. വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലിചെയ്തിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ച ഹരിയാനയിലെ പഞ്ചഗുളയില്‍ യാത്രക്കിടയില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ഹരിയാനയിലെ കല്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.
സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്കേറ്റിങ് ബോർഡിൽ ഒറ്റക്ക് താണ്ടാനായാണ് അനസ് പുറപ്പെട്ടത്. ലക്ഷ്യ സ്ഥാനത്തെത്താൻ മൂന്ന് ദിവസത്തെ യാത്രമാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് അപകടം