മഴക്കെടുതി: ജില്ലയില്‍ ആശങ്ക വേണ്ട

FB_IMG_1659499554872

തിരുവനന്തപുരം:ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രിമാരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ആന്റണി രാജു പറഞ്ഞു. നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി വിലയിരുത്തുമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കുന്നത് വേഗത്തിലാക്കുമെന്നും മന്ത്രി.

മഴയുടെ തീവ്രത കുറഞ്ഞു വരുന്നുണ്ട്. എന്നിരുന്നാലും, ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ലാ ഭരണകൂടം സജ്ജമാണെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ മണ്ണ് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മഴയ്ക്ക് ശേഷം ഉണ്ടാകുന്ന പ്രതിസന്ധികള്‍ താമസംവിനാ പരിഹരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു .

നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നെടുമങ്ങാട് 19 കുടുംബങ്ങളെ ക്യാമ്പിലും 20 കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കാട്ടാക്കട താലൂക്കില്‍ ഒരു കുടുംബത്തിലെ രണ്ടു പേരെയാണ് ക്യാമ്പിലേക് മാറ്റിയത്. മാറ്റിപാര്‍പ്പിച്ചവര്‍ക്കാവശ്യമായ വൈദ്യസഹായമുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചെയ്തിട്ടുണ്ട്. 87 ലക്ഷം രൂപയുടെ കൃഷി നാശമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 83.46 അടിയാണ് നെയ്യാര്‍ഡാമിലെ നിലവിലെ ജലനിരപ്പ്. എല്ലാ ഡാമുകളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടയ്ക്കും. പൊന്മുടി റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്തെ മണ്ണ് പൂര്‍ണമായും മാറ്റി. കെഎസ്ഇബി യുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മ സേനും സജ്ജമാണ്. കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ അറിയിക്കാന്‍ 9496010101, വൈദ്യുതി വിതരണ പരാതികള്‍ക്ക് 1912 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി ശശി, ഡി കെ മുരളി, എം വിന്‍സെന്റ് ,വി കെ പ്രശാന്ത്, , ജി സ്റ്റീഫന്‍, ഒ എസ് അംബിക , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍, സബ് കളക്ടര്‍ എം എസ് മാധവികുട്ടി ,എഡിഎം അനില്‍ ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി കെ വിനീത് , വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!