തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വഴിയോരക്കച്ചവടക്കാർക്കായി നഗരസഭയുടെ പുത്തൻ രീതിയിലുള്ള വില്പന കേന്ദ്രങ്ങൾ റെഡി. വെയിലും മഴയും കൊള്ളാത്ത രീതിയിലാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവോര വില്പന കേന്ദ്രങ്ങൾ (സ്ട്രീറ്റ് വെൻഡിംഗ് സോൺ) നിർമ്മിച്ചത്.ആദ്യഘട്ടമായി മ്യൂസിയം – സൂര്യകാന്തി റോഡിൽ (ആർ.കെ.വി റോഡ്) നിർമിച്ച 34 കടമുറികൾ 14ന് കനക്കുന്നിൽ ആരംഭിക്കുന്ന തെരുവ് കച്ചവടമേളയോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. വഴിയോരക്കച്ചവടം കാരണം നഗരത്തിന്റെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്കും തിരക്കുമുണ്ടാകുന്ന സാഹചര്യത്തിലാണ് വഴിയോരക്കച്ചവർക്കാർക്കായി 10 കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 2020ൽ കോർപ്പറേഷൻ തീരുമാനിച്ചത്. ഇതിൽ മൂന്നെണ്ണമാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.