തിരുവനന്തപുരം :സ്വാതന്ത്ര്യസമര സേനാനിയായ ജെ. തങ്കയ്യനെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് എഴുപത്തിയഞ്ചാം സ്വാത്രന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്ഷന് വാങ്ങുന്ന ജെ. തങ്കയ്യനെ ആദരിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, തങ്കയ്യന്റെ മണലിക്കടവ് തെക്കുംമുറിയിലെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാടയണിച്ചു. ഇതോടൊപ്പം ഹർ ഘർ തിരംഗയുടെ ഭാഗമായി തങ്കയ്യനു ദേശീയ പതാകയും കൈമാറി.
95 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി തങ്കയ്യൻ നാടാർ, വില്ലുവണ്ടി സമരമുൾപ്പെടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1988 ഓഗസ്റ്റ് 15ന് കേന്ദ്രസർക്കാരിൽ നിന്ന് താമ്ര പത്രം ലഭിച്ചു. കേരള സർക്കാരിന്റെ ഫ്രീഡം ഫൈറ്റേഴ്സ് പെൻഷനും കേന്ദ്രസർക്കാരിന്റെ സ്വാതന്ത്ര്യ സൈനിക സമ്മാൻ പെൻഷനും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഭാര്യ റെജീന. എട്ടു മക്കളുണ്ട്.ചടങ്ങിൽ എ ഡി എം അനിൽ ജോസ്, തഹസീൽദാർമാരായ അനിൽ, തിരുപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ജെ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.