തിരുവനന്തപുരം: കേരളത്തനിമയാർന്ന കൈത്തറി ഓണക്കോടിക്കൊപ്പം എന്നെന്നും ഓർക്കുന്ന മാവേലിനാടിൻ്റെ മഹാപൈതൃകവും അടങ്ങുന്ന ഓണസമ്മാനം ഒരുക്കി കോവളം വെള്ളാറിലെ കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്. ഓണപ്പാച്ചിലില്ലാതെ ഫോണിലൂടെ തെരഞ്ഞെടുത്ത് ഓർഡർ നല്കുന്ന സമ്മാനപ്പെട്ടി ഓണപ്പുലരിയിൽ സ്നേഹസമ്മാനമായി വീട്ടിലെത്തും. ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ എന്നു പേരിട്ട പദ്ധതിയിലൂടെ സമ്മാനം വരുത്തി നേരിട്ടു സമ്മാനിക്കുകയുമാകാം. ലോകത്ത് എവിടെനിന്നും ഓർഡൻ നല്കാം.
മികച്ച കൈത്തറിവസ്ത്രങ്ങളും ഉരുളി, ആറന്മുളക്കണ്ണാടി, ആമാടപ്പെട്ടി തുടങ്ങിയ തനിമയാർന്ന കരകൗശലയുത്പന്നങ്ങളും ഒക്കെ തെരഞ്ഞെടുക്കാം. ഇതെല്ലാം ഇടനിലക്കാരില്ലാതെ ഉത്പാദകവിലയ്ക്കു സംഭരിക്കുന്നു എന്നതിൻ്റെ മെച്ചവുമുണ്ട്. ഒപ്പം, കൈത്തറിസംഘങ്ങളിലെ തൊഴിലാളികളും കരകൗശലവിദഗ്ദ്ധരുമായ ആയിരങ്ങൾക്ക് ഓണക്കാലത്തു കൈത്താങ്ങാകുന്ന പരിപാടിയിൽ പങ്കുചേരുന്നതിൻ്റെ സന്തോഷവും.
ക്രാഫ്റ്റ് വില്ലേജിന്റെ www.kacvkovalam.com എന്ന വെബ്‌സൈറ്റിലൂടെ സമ്മാനപ്പെട്ടികള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. സൈറ്റിലൂടെത്തന്നെ പണവും അടയ്ക്കാം. സ്നേഹസന്ദേശത്തോടൊപ്പം സമ്മാനപ്പെട്ടി ഇന്ത്യയില്‍ എവിടെയുമുള്ള പ്രിയപ്പെട്ടവര്‍ക്ക് എത്തിച്ചേരും. 1,499 മുതൽ 29,999 വരെ രൂപ വിലയ്ക്കുള്ള സമ്മാനപ്പെട്ടികളുണ്ട്. പ്രീമിയം വിഭാഗത്തിൽ മൂന്നും മറ്റു വിഭാഗത്തിൽ ആറും ഗിഫ്റ്റ് ബോക്സുകളുണ്ട്. വിതരണച്ചെലവ് അടക്കമാണു വില. ഓഗസ്റ്റ് 28 വരെ ഓർഡർ നല്കാം.
മുണ്ടിനൊപ്പം ഉരുളി, പറ, നിലവിളക്ക് എന്നിവയിൽ ഒന്നു തെരഞ്ഞെടുക്കാവുന്ന 1,499 രൂപയുടെ പെട്ടി മുതല്‍ ഗിഫ്റ്റ് ബോക്സുകള്‍ ആരംഭിക്കുന്നു. കുട്ടിമുണ്ട്, ആനശില്‍പ്പം, പമ്പരവും ബോൾ ഗെയിമും യോയോയും ഉൾപ്പെടുന്ന കളിപ്പാട്ടങ്ങള്‍ എന്നിവയടങ്ങുന്ന ‘കുട്ടിസമ്മാനപ്പെട്ടി’യുമുണ്ട്. 2,250 രൂപയാണു വില. കളിപ്പാട്ടങ്ങൾക്കെല്ലാം സുരക്ഷിതനിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
പ്രീമിയം ഗിഫ്റ്റ് ബോക്‌സില്‍ 29,999, 24,999, 19,999 രൂപവീതം വിലയുള്ള മൂന്നിനം പെട്ടികളുണ്ട്. മുണ്ട്, കൈത്തറിസാരി, സെറ്റുമുണ്ട്, കാല്‍പ്പെട്ടി, ഉരുളി, ആറന്മുളക്കണ്ണാടി, കേരളത്തിന്റെ മാതൃകയിലെ സുഗന്ധവ്യഞ്ജനപ്പെട്ടി എന്നിവയാണ് 29,999 രൂപയുടെ സമ്മാനപ്പെട്ടിയിലുള്ളത്. കാല്‍പ്പെട്ടിക്കു പകരം ആമാടപ്പെട്ടിയാണ് 19,999 രൂപയുടെ സമ്മാനപ്പെട്ടിയിൽ. ആറന്മുളക്കണ്ണാടി, ബേപ്പൂര്‍ ഉരുവിന്റെ മാതൃക, ആമാടപ്പെട്ടി, ആനയുടെ ദാരുശില്‍പ്പം, തൊണ്ടും ചിരട്ടയും കൊമ്പും കൊണ്ടുമുള്ള ക്രാഫ്റ്റ് രൂപങ്ങള്‍, സംഗീതോപകരണം, കേരളത്തിന്റെ മാതൃകയിലെ സുഗന്ധവ്യഞ്ജനപ്പെട്ടി എന്നിവ അടങ്ങുന്നതാണ് 24,999 രൂപയുടെ സമ്മാനപ്പെട്ടി.
കോവിഡിനുശേഷം കൈത്തറിമേഖല നേരിട്ട പ്രതിസന്ധി അതിജീവിക്കാൻ തുടക്കമിട്ട പദ്ധതിയാണ് ഗിഫ്റ്റ് എ ട്രഡിഷന്‍. കഴിഞ്ഞ ഓണക്കാലത്ത് ഇതിലൂടെ 3000-ലേറെ നെയ്ത്തുകാർക്കും അത്രയും കരകൗശലക്കാർക്കും നേരിട്ടു ഗുണം ലഭിച്ചിരുന്നു. യൂണിയൻ ടെക്‌സ്റ്റൈല്‍ മന്ത്രാലയം, ഇന്ത്യാ പോസ്റ്റ്, ഉത്തരവാദിത്തടൂറിസം മിഷന്‍ എന്നിവരുമായി സഹകരിച്ചാണ് കേരള ടൂറിസം സരംഭമായ ക്രാഫ്റ്റ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ഇൻഡ്യയിലെ നവരത്ന കോപ്പറേറ്റീവിൽപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോപ്പറേറ്റീവായ ഊരാളുങ്കൽ സൊസൈറ്റിയാണ് കൈത്തറി-കരകൗശലക്കാർക്കായി ഈ തൊഴിൽസംരംഭം നടത്തുന്നത്.