തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരം. തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചാണ് പ്രതിഷേധം. അതിരൂപതയുടെ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ തുറമുഖ കവാടത്തിലേക്ക് കരിങ്കൊടിയേന്തി ബൈക്ക് റാലി സംഘടിപ്പിച്ചാണ് എത്തിയത്. നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പരാതികളാണ് ഇവർ ഉന്നയിക്കുന്നത്.
തുറമുഖ നിർമാണം നിർത്തിവെച്ച് ശാസ്ത്രീയപഠനം നടത്തണം. പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. മുൻപ് പല തവണ സമരം നടത്തിയിട്ടും ആവശ്യങ്ങൾ പരിഗണിക്കാത്തതിനാലാണ് നാലാം ഘട്ടത്തിൽ സമരം ശക്തിപ്പെടുത്തുന്നത്. വീടെല്ലാം പൊയ്ക്കൊണ്ടിരിക്കുന്നു, മണ്ണെണ്ണ വില കുറച്ച് നൽകണം, തീരദേശം സംരക്ഷിക്കപ്പെടണം അർഹിക്കുന്ന പുനരധിവാസം ഉറപ്പുവരുത്തണം, ഉപജീവന മാർഗം വികസനത്തിന്റെ പേരിൽ നഷ്ടപ്പെടുന്നു. വാഗ്ദാനം ചെയ്ത പാക്കേജ് കിട്ടണം എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങൾ.