അണ്ടൂര്‍ക്കോണം :പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന വാശിയോടെയാണ് സര്‍ക്കാര്‍ ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഗുണമേന്മയുള്ള ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഇത്തവണ വെളിച്ചെണ്ണ കവര്‍ പൊട്ടാതെ കിറ്റിനോടൊപ്പം പ്രത്യേകം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പോരായ്മകള്‍ പരിഹരിച്ചു മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന അരിയുടെ അന്‍പത് ശതമാനം പച്ചരി നല്‍കും. മഞ്ഞ കാര്‍ഡുകാര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഒരു കിലോ പഞ്ചസാര അധികം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ കര്‍ഷകദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തവണ ഓണക്കിറ്റില്‍ വയനാട്ടിലെയും, തൃശ്ശൂരിലെയും കര്‍ഷകര്‍ ഉത്പാദിപ്പിച്ച മഞ്ഞള്‍പ്പൊടി , ഇടുക്കിയിലെയും വയനാട്ടിലെയും ഏലം, കൊല്ലത്തെ കശുവണ്ടി, കുടുംബശ്രീ പ്രവര്‍ത്തകരുണ്ടാക്കുന്ന ശര്‍ക്കരവരട്ടി എന്നിങ്ങനെ നമ്മുടെ നാട്ടില്‍ തന്നെ കര്‍ഷകര്‍ വിളയിച്ച ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്.
പഞ്ചായത്തിലെ മികച്ച കര്‍ഷകരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. അണ്ടൂര്‍ക്കോണം കുടുംബശ്രീ സിഡിഎസ് പോഷകത്തോട്ടത്തിന്റെ കാര്‍ഷിക ക്യാമ്പയിനും അതോടൊപ്പം മഹിളാകിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ കൃഷി പരിശീലന പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അന്‍സാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, വൈസ് പ്രസിഡന്റ്കെ. മാജിത, വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി ഓഫിസര്‍ ശരണ്യ എസ്. എസ് തുടങ്ങിയവര്‍ പങ്കെടുത്തു.