തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്ന പ്രതിമാസ അവലോകന യോഗം ഇന്നലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ചേമ്പറില്‍ ചേര്‍ന്നു. മണ്‍സൂണ്‍ പ്രമാണിച്ച് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന പുലിമൂട്ട് നിര്‍മ്മാണം സെപ്തംബറോടെ പുനരാരംഭിക്കാനും ഈ കാലയളവില്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ പരമാവധി പാറ സംഭരിക്കുവാനും തീരുമാനിച്ചു. അടുത്ത സീസണിലേക്കുള്ള പാറയുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗം പരിശോധിച്ചു. കൂടുതല്‍ കോറികളിലൂടെ പാറയുടെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാണ കമ്പനിക്ക് നിര്‍ദ്ദേശം നല്കി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി പരിസര വാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുവാനും, സംസ്ഥാനത്തിന്റെ പൊതുവികസനത്തിനുള്ള പ്രോജക്ടുകള്‍ ആവിഷ്കരിക്കുവാനും തീരുമാനിച്ചു.
മത്സ്യതൊഴിലാളികള്‍ ആരംഭിച്ച സമരത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ മിക്കതും വിഴിഞ്ഞം തുറമുഖവുമായി നേരിട്ട് ബന്ധമുള്ളതല്ലെങ്കിലും ന്യായമായ ആവശ്യങ്ങളില്‍ വകുപ്പ് തല ഏകോപനം നടത്തി പരിഹാരം കാണുവാനും യോഗത്തില്‍ ധാരണയായി. ജില്ലാ ഭരണകൂടം ഇതിനകം സമരനേതൃത്യത്തെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു വിസ്വാള്‍ ഐ.എ.എസ്, വിസില്‍ എം.ഡി ഗോപാലകൃഷ്ണന് ഐ.എ.എസ്, വിസില്‍ സി.ഇ.ഒ ഡോ.ജയകുമാര്‍, നിര്‍മ്മാണ കമ്പനി സി.ഇ.ഒ രാജേഷ് ഝാ, പോര്‍ട്ട് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുശീല്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.