വാമനപുരം:എല്ലാവരും കൃഷിയിലേക്ക് വന്നാൽ നാട് സമ്പൽസമൃദ്ധമാകുമെന്നും ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഡി.കെ മുരളി എം.എൽ.എ. സംസ്ഥാനത്തെ കാർഷിക അഭിവൃദ്ധിയിലേക്ക് നയിക്കാൻ നാം ഒരുമിച്ച് ശ്രമിക്കണമെന്നും പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടണമെന്നും അദ്ദേഹം പറഞ്ഞു. കർഷക ദിനത്തിൽ വാമനപുരം നിയോജക മണ്ഡലത്തിലെ കർഷകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. വാമനപുരം, കല്ലറ, പാങ്ങോട്, പെരിങ്ങമ്മല, നന്ദിയോട്, ആനാട്, പനവൂർ, പുല്ലമ്പാറ, നെല്ലനാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെ 117 കർഷകരെ ചടങ്ങുകളിൽ ആദരിച്ചു. കൂടാതെ ആനാട് ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ വീട്ടുവളപ്പിൽ കൃഷി ചെയ്ത് വിജയിച്ച 100 വീട്ടമ്മമാരെയും പാങ്ങോട് ഗ്രാമ പഞ്ചായത്തിൽ നിന്നും സംസ്ഥാന അവാർഡുകൾ നേടിയ രണ്ടുപേരെയും ആദരിച്ചു.
ഗ്രാമപഞ്ചായത്തുകളും കൃഷി ഭവനുകളും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. കാർഷിക വിളംബര ജാഥയും, കർഷക ചന്തകളും, സെമിനാറുകളും, തൈ നടീലും പരിപാടികൾക്ക് മാറ്റ് കൂട്ടി. പരിപാടികൾ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡൻറുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടികളിൽ ത്രിതല പഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർമാർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.