കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിന്റെ പൊതു ചന്തയ്ക്ക് അകത്തുള്ള പാഴായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്ന കെട്ടിടം കത്തി നശിച്ചു. വൈകിട്ടോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിലും പഞ്ചായത്തിലും വിവരമറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളിൽ തീ കത്തി വൻതോതിൽ കറുത്ത പുകയും ഗന്ധവും ഉയർന്നതോടെ സമീപ പ്രദേശങ്ങളിൽ നിന്ന് നാട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചു. ഫയർഫോഴ്സിന്റെ കല്ലമ്പലം,ആറ്റിങ്ങൽ കടയ്ക്കൽ നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.നാല് ലോഡ് പാഴ് വസ്തുക്കൾ, കെട്ടിടം എന്നിവ കത്തിയമർന്നു. കെട്ടിടത്തിനുള്ളിൽ കുറച്ച് ബാഗുകൾ മാത്രമാണ് അവശേഷിച്ചത്. പഞ്ചായത്തിലെ ഹരിത കർമ്മസേന വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്നത് ഈ കെട്ടിടത്തിലായിരുന്നു.