തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ഇന്നും സംഘര്‍ഷം. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം നാലാം ദിവസവും ശക്തമായി തുടരുകയാണ്. ബാരിക്കേഡ് മറികടന്ന് അതീവ സുരക്ഷാ മേഖലയില്‍ കടന്ന സമരക്കാര്‍ തുറമുഖ നിര്‍മാണ മേഖലയില്‍ പ്രവേശിക്കുകയും, അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ കൊടി നാട്ടുകയും ചെയ്തു. സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയത്.
സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്കു മാര്‍ച്ച് നടത്തുകയായിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാർ ആവർത്തിച്ചു. സമരം നേരിടാൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.