തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് അതീവ സുരക്ഷാ മേഖല മറികടന്ന സമരക്കാർ തുറമുഖ നിർമാണ മേഖലയിൽ പ്രവേശിച്ചു. അദാനി ഗ്രൂപ്പിൻറെ ഓഫീസിൽ സമരക്കാർ കൊടി നാട്ടി. സമരം ചർച്ചയിലൂടെ പരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സമരം കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.വിഴിഞ്ഞം തുറമുഖകവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്കു മാർച്ച് നടത്തുകയായിരുന്നു. തുറമുഖത്തേക്കു കടക്കാതിരിക്കാനായി പോലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ സമരക്കാർ മറിച്ചിട്ടു. പോലീസിന്റെ വലിയ സന്നാഹമാണ് സ്ഥലത്തുള്ളത്.