തിരുവനന്തപുരം: വഴുതയ്ക്കാട് – ജഗതി – പൂജപ്പുര റോഡ് വീതി കൂട്ടി വികസിപ്പിക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.യഥാസമയം ഫണ്ട് അനുവദിച്ചിരുന്നെങ്കിൽ 20 വർഷം മുമ്പ് ഭരണാനുമതി ലഭിച്ച പദ്ധതി പണ്ടേ നടക്കുമായിരുന്നുവെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഗവ. സെക്രട്ടറി, ചീഫ് എഞ്ചിനീയർ എന്നിവർക്ക് പുറമേ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഇക്കാര്യത്തിൽ പ്രത്യേക താൽപ്പര്യമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ബേക്കറി, പൂജപ്പുര ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 2. 6 കിലോമീറ്റർ റോഡ് വീതി കൂട്ടി വികസിപ്പിക്കാൻ 2005 ജൂൺ 3നാണ് സർക്കാർ ഉത്തരവിറക്കിയത്. ട്രിഡയെയാണ് ആദ്യം ഏൽപ്പിച്ചത് . 2009 ൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. ഇതോടെ പദ്ധതി മുടങ്ങി. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഒരു കേസുകളും നിലവിലില്ലെന്ന് കമ്മീഷൻ കണ്ടെത്തി. എം.വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.