വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരുന്നു. സർക്കാരുമായുള്ള ചർച്ചയിൽ അനുരഞ്ജനത്തിന് വഴിയൊരുങ്ങിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുംവരെ സമരം തുടരുമെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. എന്നാൽ സമരം പ്രക്ഷുബ്ധമാകില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ സമരസമിതി സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്.
തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക മണ്ണെണ്ണ സബ്‌സിഡി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുമായി തുടർ ചർച്ച നടക്കും വരെ തുറമുഖ കവാടത്തിനു മുന്നിലെ രാപ്പകൽ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം . വിഴിഞ്ഞം ഇടവകയാണ് അഞ്ചാം ദിവസമായ ഇന്ന് ഉപരോധ സമരത്തിന് നേതൃത്വം നൽകുക. കഴിഞ്ഞദിവസം ബാരിക്കേഡുകളും പ്രധാന കവാടവും മറികടന്ന് സമരക്കാർ തുറമുഖ നിർമ്മാണം നടക്കുന്ന ഭാഗത്ത് പതാക നാട്ടിയിരുന്നു