പാറശ്ശാല:പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യമേള സമാപിച്ചു. സമാപന സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിലവാരത്തിലാണെന്ന് ആൻസലൻ പറഞ്ഞു. പകർച്ചവ്യാധികളിൽ മാരകമായ ഒന്നായിരുന്നു കോവിഡ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോവിഡ് മരണനിരക്ക് താരതമ്യേനെ കുറവായിരുന്നു. രോഗനിവാരണത്തിനായി സന്നാഹങ്ങൾ ഒരുക്കാൻ കേരളത്തിലെ ആരോഗ്യരംഗത്തിന് സാധിച്ചതിനാലാണിത്. ജനങ്ങളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിൽ ആരോഗ്യമേളകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ പരിപാടികളോടെ പാറശ്ശാല ഗവണ്മെന്റ് വൊക്കേഷണൽ ഹയര്സക്കന്റി സ്കൂളില്‍ 2 ദിവസം നീണ്ടു നിന്ന ആരോഗ്യമേള സംഘടിപ്പിച്ചത്. കുറുംകുട്ടിയിൽ നിന്നുള്ള വിളംബര ഷോയാത്രയോടെയാണ് മേളയ്ക്ക് തുടക്കമായത്.
മേളയുടെ ഭാഗമായി 35 ലധികം സ്റ്റാളുകളാണ് ആരോഗ്യ വകുപ്പ്, പൊലീസ്, കുടുംബശ്രീ, എക്സൈസ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സജ്ജീകരിച്ചത്. ജനറല്‍ ഹെല്‍ത്ത് ചെക് അപ്, നേത്ര പരിശോധനാ ക്യാമ്പ്, ഹോമിയോ, ആയുര്‍വേദം, സിദ്ധ, ജീവിത ശൈലി രോഗ നിര്‍ണയം, രക്തഗ്രൂപ്പ് നിര്‍ണയം, കോവിഡ് വാകസിനേഷന്, ഫിസിയോ തെറാപ്പി, ശുചിത്വ മിഷന്, തുടങ്ങി വിവിധ സ്റ്റാളുകള്‍ മേളയുടെ ഭാഗമായി. ആരോഗ്യമേളയുടെ ഭാഗമായി നടന്ന വിളംബര ഘോഷയാത്രയിലും, എക്സിബിഷനുകളിലും വിജയിച്ചവർക്കുള്ള പുരസ്കാരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ബെൻ ഡാർവിൻ നൽകി. പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.