തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെ, പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി മന്ത്രിമാരെ വിളിപ്പിക്കുകയായിരുന്നു.
സമരവും നിലവിലെ സാഹചര്യങ്ങളും മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നു നടക്കുന്ന മന്ത്രിസഭാ ഉപസമിതി യോഗം ചര്‍ച്ച ചെയ്യും. ഉപസമിതി യോഗത്തില്‍ വി അബ്ദുറഹ്മാന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവര്‍ക്കു പൂറമെ എം വി ഗോവിന്ദന്, കെ രാജന്, ചിഞ്ചുറാണി എന്നീ മന്ത്രിമാരും പങ്കെടുക്കും. സമരം എത്രയും വേഗം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.