തിരുവനന്തപുരം: ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്ത് സംസരിക്കവെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. തന്റെ ജന്മനാടായ തിരുവനന്തപുരത്തെ കുറിച്ച് വാചാലനാകുന്നതിനിടെ ആയാണ് മേയർ ആര്യ രാജേന്ദ്രന്റെ കാര്യം പൃഥ്വിരാജ് പറഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചുവെന്നും പൃഥ്വിരാജ് പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനത്തിൽ പൃഥ്വിരാജിനെ സ്വാഗതം ചെയ്തത് കൊണ്ടുള്ള മേയറുടെ വാക്കുകൾ നിറഞ്ഞ ഹർഷാരവത്തോടെ ജനക്കൂട്ടം സ്വീകരിച്ചിരുന്നു. എന്തിനാ നമ്മൾ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ ആദ്യം ചോദിച്ചത്. അപ്പോൾ തന്നെ കരഘോഷമുയർന്നു. മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടൻ എന്നായിരുന്നു മേയർ പിന്നീട് അഭിസംബോധന ചെയ്തത്. ഇതിനും നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്.