തിരുവനന്തപുരം:അത്തപ്പൂക്കളവും ഓണക്കളികളും സദ്യയുമൊരുക്കി മലയാളികൾ ഓണത്തെ വരവേൽക്കാനൊരുങ്ങുമ്പോൾ, ശിശുക്ഷേമ സമിതിയിലെ പൊന്നോമനകൾക്ക് ഓണക്കോടിയുമായി സെക്രട്ടറിയേറ്റിലെ വനിത ജീവനക്കാരെത്തി. ഓണത്തിന് ഓരോരുത്തരും അവരവരുടെ വീട്ടിൽ ചെലവിടാൻ കരുതി വച്ചതിന്റെ ഒരു പങ്ക്, നിറഞ്ഞ സ്നേഹത്തോടെ സമിതിയിലെ കുഞ്ഞുങ്ങൾക്കു നൽകാൻ സന്നദ്ധ രാവുകയായിരുന്നു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി (കനൽ) പ്രവർത്തകരുടെ ആലോചനയിൽ നിന്നാണ് ഇങ്ങനെ യൊരു പദ്ധതി ആവിഷ്ക്കരിച്ചത്. സമിതിയിലെ 65 കുഞ്ഞുങ്ങൾക്കും പുതുവസ്ത്രങ്ങൾ – ഓണക്കോടിയായി വാങ്ങി നൽകുകയായിരുന്നു. കൂടാതെ ഉത്രാടം, തിരു വോണം, അവിട്ടം എന്നീ ദിവസങ്ങളിൽ മുഴുവൻ കുഞ്ഞുങ്ങൾക്കും വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കുന്നതും കനൽ- വനിതാ കമ്മിറ്റിയുടെ വകയായാണ്.
തൈക്കാട് സമിതി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ കുട്ടികൾക്കുള്ള ഓണക്കോടി, സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാന് കൈമാറി. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കവിത ഐ സ്വാഗതം പറഞ്ഞു. കേരള സെക്രട്ടറി യേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി. ഹണി, ജനറൽ സെക്രട്ടറി കെ. എൻ. അശോക് കുമാർ, തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജയപാൽ കെ., സമിതി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജാഫർഖാൻ എസ്. എന്നിവർ സംസാരിച്ചു. കനൽ വനിതാ കമ്മിറ്റി ജോയിന്റ് കൺവീനർ റീന പി.പി. നന്ദി പറഞ്ഞു.