തിരുവനന്തപുരം: വിദ്യാർഥിനി പ്രവേശനം ചാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്ര നിമിഷമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. മിക്സഡ് സ്കൂളായി പ്രഖ്യാപിച്ചതിനു ശേഷം ചാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിനികളുടെ പ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലസ് വൺ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ പെൺകുട്ടികളെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
വിദ്യാർഥിനി പ്രവേശനം ഉൽസവാന്തരീക്ഷത്തിൽ സംഘടിപ്പിച്ചതിന് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി അഭിനന്ദിച്ചു. പ്ലസ് വൺ പ്രവേശനം നേടിയ 13 പെൺകുട്ടികളെ ഹർഷാരവത്തോടെ വിദ്യാർഥികൾ സ്വാഗതം ചെയ്തു. തുടർന്ന് ചരിത്ര നിമിഷത്തിന്റെ ഓർമക്കായി ഓരോ വിദ്യാർഥിനികളും ഓർമ മരങ്ങൾ നട്ടു. വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഫെലീഷ്യ ചന്ദ്രശേഖരൻ സ്വാഗതവും ബി.എസ്. സിന്ധു നന്ദിയും അറിയിച്ചു.