പാലോട്:സംസ്ഥാനത്ത് ഭൂരഹിതരായവർക്ക് സമയബന്ധിതമായി ഭൂമി കൈമാറുമെന്നും ഇതിനായി എല്ലാ ജില്ലകളിലും ദ്രുത ഗതിയിൽ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. സ്വന്തമായി ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് ചെറ്റച്ചലിൽ 19 വർഷമായി സമരം ചെയ്യുന്ന 33 കുടുംബങ്ങളുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു. 2006 പാർലമെന്റ് വനാവകാശ നിയമം പാസാക്കിയെങ്കിലും അതനുസരിച്ചു അവകാശികൾക്ക് ഭൂമി കൃത്യമായി ലഭിച്ചിരുന്നില്ല. അർഹരായവർക്ക് അടിയന്തരമായി ഭൂമി കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരമാണ് നടപടികൾ വേഗത്തിലായത്. പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്ക് പ്രയോജനകരമായ രീതിയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിതുര ചെറ്റച്ചൽ സമരഭൂമിയിൽ പട്ടയം, വനാവകാശ രേഖ വിതരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെറ്റച്ചൽ ഭൂമിയിൽ സമരം ചെയ്തിരുന്ന 33 കുടുംബങ്ങൾക്ക് വനാവകാശ നിയമം അനുസരിച്ച് കൈവശാവകാശ രേഖയുടെ വിതരണവും പാങ്കാവ് പട്ടികവർഗ സെറ്റിൽമെന്റുകളിലെ ഗുണഭോക്താക്കൾക്ക് കൈവശാവകാശ രേഖ വിതരണവും പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മന്ത്രി നിർവഹിച്ചു. മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ റോളർ നെറ്റ്ഡ് ബാൾ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആർജിത് എ. ആറിനെയും മന്ത്രി ആദരിച്ചു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വർഷങ്ങൾ നീണ്ടു നിന്ന ഭൂമി പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ജി. സ്റ്റീഫൻ എം എൽ എയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ജി. ആർ. അനിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തുടർ ഭരണത്തിന്റെ സമ്മാനമാണ് ചടങ്ങിൽ വിതരണം ചെയ്തതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ചെറ്റച്ചൽ സമരഭൂമിയിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ അധ്യക്ഷനായിരുന്നു. ചെറ്റച്ചൽ ഭൂസമര സ്മരണിക തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ചെറ്റച്ചൽ സഹദേവന് നൽകി പ്രകാശനം ചെയ്തു. ഡി. കെ. മുരളി എം എൽ എ, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അനുപമ റ്റി. വി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരും സംബന്ധിച്ചു.