തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണ മേഖലയിൽ ക്രമസമാധാനം ഉറപ്പു വരുത്തണമെന്നു സർക്കാരിനോടു ഹൈക്കോടതി. തുറമുഖത്തിന് എതിരായി സമരം തടയുന്നതിനു പൊലീസ് സംരക്ഷണം തേടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവർ നൽകിയ ഹർജി പരിഗണിക്കുമ്പാഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസും സർക്കാരും നിഷ്ക്രിയത്വം പാലിക്കുകയാണ് എന്നു കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. കക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പദ്ധതി പൂർത്തീകരണഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ പത്തു ദിവസമായി നിർമാണ പ്രവർത്തികൾ നിലച്ചിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നു കമ്പനി കോടതിയെ ബോധിപ്പിച്ചു. തുറമുഖ നിർമാണത്തിനു പാരിസ്ഥിതിക പഠനം വീണ്ടും നടത്തണം എന്ന ആവശ്യമാണ് സമരക്കാർ ഉയർത്തിയിരിക്കുന്നത്. എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമാണു നിർമാണം ആരംഭിച്ചതെന്നു അദാനി ഗ്രൂപ്പ് കോടതിയിൽ വ്യക്തമാക്കി.