പള്ളിച്ചൽ :’നമ്മുടെ പൂക്കൾ കൊണ്ട് നമ്മുടെ ഓണാഘോഷം’ എന്ന കാട്ടാക്കട എം. എൽ. എ ഐ.ബി. സതീഷിൻ്റെ ആശയത്തിന് നൂറ് മേനി പകിട്ടേകി പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ പുഷ്പകൃഷി. പദ്ധതിയുടെ ആദ്യ ഘട്ട വിളവെടുപ്പ് ഐ. ബി. സതീഷ് എം. എൽ. എ. നിർവ്വഹിച്ചു. പുഷ്പകൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പുറമെ സ്വയം തൊഴിൽ സാധ്യത കൂടി ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന്
അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ കുറണ്ടിവിള, കണ്ണൻകോട് വാർഡുകളിലെ വിളവെടുപ്പാണ് ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി അഞ്ച് ഏക്കർ സ്ഥലത്താണ് പുഷ്പകൃഷി നടത്തുന്നത്. പൂക്കളത്തിലെ താരമായ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തിയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും എത്തിച്ച ഹൈബ്രിഡ് ജമന്തി തൈകൾ ഉപയോഗിച്ച് രണ്ട് മാസം കാലയളവിലാണ് പൂക്കൾ വിളവെടുപ്പിന് പാകമാക്കിയത്. ഓണാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന വിപണന മേളയിൽ പൂവുകൾ വിൽപ്പനക്ക് എത്തിക്കും. അത്തം മുതൽ തിരുവോണ ദിവസം വരെ പൂക്കൾ ഒരുപോലെ ലഭ്യമാക്കാൻ ഓരോ സ്ഥലത്തും പ്രത്യേക സമയക്രമം പാലിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്.
ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പുഷ്പകൃഷി നടപ്പിലാക്കിയത്. ഇതിനോടൊപ്പം തേനീച്ച കൃഷിയും തുടങ്ങാൻ പദ്ധതിയുണ്ട്. പുഷ്പകൃഷിയുടെ സാധ്യതകൾ മനസ്സിലാക്കി ഇതൊരു വ്യവസായ സംരംഭമാക്കി, തുടർച്ചയായി വിപണിയിലേക്ക് പൂക്കൾ എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യവും ഒരുക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലിക, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ – തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവരും സംബന്ധിച്ചു.