തിരുവനന്തപുരം; സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രത്യേക പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത 50 വര്‍ഷത്തേക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസം ലക്ഷ്യമാക്കി 717 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏഴു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ലോകത്തിനാകെ മാതൃകയാവുന്ന നിരവധി മുന്‍കൈകളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നടന്നത്. ഇന്ന് നാല്‍പ്പതില്‍പ്പരം വകുപ്പുകളും വിവിധ ആശുപത്രികളും മെഡിക്കല്‍ – പാരാമെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുമുള്ള ഒരു ബൃഹദ് സ്ഥാപനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായി കിഫ്ബി മുഖേനയാണ് ഇവിടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുകന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പബ്ലിക്ക് ഹെല്‍ത്ത് കേഡര്‍ എന്നും മെഡിക്കല്‍ സര്‍വീസ് കേഡര്‍ എന്നും രണ്ടായി വിഭജിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
നീതി ആയോഗ് തയ്യാറാക്കിയ ആരോഗ്യ സൂചികകള്‍ പ്രകാരം കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ് ഉള്ളത്. ശിശുമരണ നിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ഈ രംഗങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നിലയിലാണ് നമ്മള്. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നല്കുന്ന കാര്യത്തിലും കേരളം മുന്നിലാണ്. ദേശീയ തലത്തില്‍ മികച്ച ആശുപത്രികള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡില്‍ ആദ്യ പല സ്ഥാനങ്ങളും ലഭിച്ചത് കേരളത്തില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ്.
കേരളത്തിന്റെ കോവിഡ് പ്രതിരോധമാകട്ടെ ലോകത്താകെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്.
പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ സർക്കാരുകൾ മികച്ച പദ്ധതികൾ ആവിഷ്കരിച്ചു. കേരളത്തിലെ ആദ്യ സർക്കാർ ആയ ഇഎംഎസ് സർക്കാർ മുതൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും ആശുപത്രികളില്‍ എക്സ്റേ മുതലായ ആധുനിക സജ്ജീകരണങ്ങള്‍ സ്ഥാപിക്കാനും ഡിസ്പെന്‍സറികള്‍ സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ നടപ്പാക്കി. ഇതിന്റെ ഭാഗമായി കേരത്തിന്റെ ആരോഗ്യ മേഖലയുടെ ദിശ പുനർ നിർണ്ണയിക്കാനായി.
ഇന്ന് ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ അധികാരവികേന്ദ്രീകരണം നടന്നിട്ടുള്ള പ്രദേശമാണ് കേരളം. നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അതുകൊണ്ടുതന്നെ 1996 ല്‍ 28 ശതമാനം ജനങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നത് എങ്കില്‍ ഇന്ന് അത് 60 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
ഇത്തരം മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് 2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആര്‍ദ്രം മിഷന് ആരംഭിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കി.
പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയും എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റിവ് കെയര്‍ സംവിധാനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ വിധത്തില്‍ ആരോഗ്യമേഖലയില്‍ വലിയ മുന്നേറ്റങ്ങളാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്തുണ്ടായത്.
ആരോഗ്യ സംവിധാനം ലോകോത്തരമാക്കാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. ദിനം പ്രതി 4500 ത്തോളം പേർ എത്തുന്ന കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജാണ് തിരുവനന്തപുരത്തേത്. ലോകത്തെമ്പാടുമുള്ള യൂണിവേഴ്സ്റ്റികളിൽ, ആശുപത്രികളിൽ ഈ കോളേജിലെ വിദ്യാർത്ഥികൾ ഉണ്ട് എന്നത് അഭിമാനകരമാണ്. കേരളത്തിന്റെ ആരോഗ്യമേഖല ദേശീയ തലത്തിൽ ഒന്നാമതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ആദ്രം പദ്ധതികൾ അടക്കമുള്ളവ അതിന് കാരണമാണ്. 2021 ൽ ദേശീയ തലത്തിൽ സൗജന്യ ചികിത്സ നൽകിയ പുരസ്കാരം കേരളത്തിന് ലഭിച്ചു. സർക്കാരിന്റെ ലക്ഷ്യം ഇത്തരത്തിൽ സൗജന്യ ചികിത്സ നൽകുമ്പോൾ ഏറ്റവും മികച്ച ചികിത്സ മെഡിക്കൽ കോളേജുകളിൽ കൂടെ നൽകുക എന്നതാണ്. കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗം മികച്ചതാണ്. ലോക റാങ്കിങ്ങിൽ നമ്മുടെ സ്ഥാപനങ്ങളെ എത്തിക്കുയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ജി. ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഐഎഎസ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മേൽ, ഡെപ്യൂട്ടി മേയർ പി.കെ രാജു, കൗൺസിലർ ഡി.ആർ അനിൽ, ഡിഎംഇ ഡോ. തോമസ് മാത്യു , ഐഎംഎ മുൻ ദേശീയ പ്രസിഡന്റും, അലുമിനി അസോസിയേഷൻ അംഗവുമായ ഡോ. മാർത്താണ്ഡപിള്ള, ശ്രീ ചിത്ര ഡയറക്ടർ ഡോ. സഞ്ചയ് ബെഹാരി, ആർസിസി ഡയറക്ടർ ഡോ, രേഖാ എ നായർ , ഡെന്റൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബീനാ വി.ടി, നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സലീന ഷാ, കോളേജ് യൂണിയൻ ചെയർപേഴ്സൺ അസിൻഷാ എ.എസ് എന്നിവർ സംസാരിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സി ജോൺ പണിക്കർ സ്വാഗതവും, സെക്രട്ടറി ഡോ. വിശ്വനാഥൻ കെ.വി നന്ദിയും പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. കലാ കേശവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മെഡിക്കൽ കോളേജിലെ മുൻ പ്രതിഭകളായ ഡോ. കെ. എ സീതി (1964), ഡോ. കാശി വിശ്വേശ്വരൻ , ഡോ. മാർത്താണ്ഡപിള്ള (1964), ഡോ. ജി.ജെ ജോൺ (1970), ഡോ. പി.എസ്. താഹ (1970), ഡോ. എ ആനന്ദകുമാർ (1971), ഡോ.കെ.ആർ വിനയകുമാർ ( 1972), ഡോ. പി.കെ ജമീല ( 1975), ഡോ. ശ്രീധർ ( 1976), ഡോ. നിഖിൽ ഹാറൂൺ , ഡോ. മോഹനൻ കുന്നുമ്മേൽ (1977), ഡോ. സു കൃഷ്ണ , ഡോ. ദേവിക മഹേശ്വരി ( 1988), ഡോ. ഗോപാലകൃഷ്ണൻ നായർ (1988), ഡോ. കെ.ഹർഷകുമാർ (1983), ഡോ. മുഹമ്മദ് നജീബ് ഉസ്മാൻ , ഡോ. മഹേഷ് വർമ്മ, ഡോ. സന്തോഷ് ബാബു ഐഎഎസ്, ഡോ. പരമേശ്വരൻ ഹരി, ഡോ. സുൾഫി നൂഹു, ഡോ. നിഷാ നിജിൽ ഹാറൂൺ, ഡോ. ശർമ്മിള മേരി ജോസഫ് ഐഎഎസ് , ഡോ. വിദ്യാസാഗർ സദാശിവൻ , ഡോ. ഫൈസൽ ഖാൻ, ഡോ. സായി ഗണേഷ്, ഡിഎംഇ ഡോ. തോമസ് മാത്യു, ഡോ. കൃഷ്ണ ആർ പ്രസാദ്, ഡോ. എൻ.വി പിള്ള, എന്നിവരെ മുഖ്യമന്ത്രി എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.
.