തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പുലർച്ചെ രണ്ട് മണിയോടെ ആക്രമണം. കല്ലേറിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന് കേടുപാട് ഉണ്ടായി. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേർ കല്ലെറിഞ്ഞുവെന്നാണ് പോലീസ് നൽകുന്ന വിവരം.
ആക്രമണത്തിന് പിന്നിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകരാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് പാർട്ടിയുടെ മറ്റൊരു ഓഫീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടുമില്ല.
രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിന്. ബൈക്കിലെത്തിയ സംഘം റോഡിൽ നിന്ന് കല്ലെറിയുകയായിരുന്നു. ഇതിന് ശേഷം ഉടൻ തന്നെ ഇവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല.